Saturday, December 29, 2012

മുത്തുച്ചിപ്പി പറഞ്ഞത്‌







എന്റെയുള്ളു പിളർന്ന്‌-

നീയെടുത്ത മുത്ത്‌,

നിന്നെ കൊതിപ്പിക്കുന്നത്‌;

അതുരുവായ കഥ-

നിനക്കറിയുമോ?




ഹൃദയത്തിന്റെ മൃദുലതയിൽ,

പുറത്തെടുക്കാനാവാതെ-

കടന്നു പറ്റിയ കരടിന്‌,

എത്ര മാത്രം നോവിക്കാമെന്ന്‌-

നിനക്കറിയുമോ?




എടുത്തു കൊള്ളുക;

അഴകിന്റെയുറയിട്ട-

എന്റെയാത്മ വ്യഥകളെ.........




നിന്റെ നെടുവീർപ്പിന്റെയർത്ഥം-

ഇപ്പോഴെനിക്കറിയാം.....

കാത്തിരിക്കുക....

നോവുറഞ്ഞൊരു മുത്താകും വരെ....

കണ്ണീരുണങ്ങിയൊരു ചിരിയുണരും വരെ......

Wednesday, December 12, 2012

അമ്മയാകാശം



രാവിന്റെ മടിയിലൊരു-
തിങ്കൾ‍ക്കിടാവ്‌;
പാൽ‍നുര പോലെ-
നറു നിലാവ്‌.....


എന്റെ മടിയിലുണ്ട്‌-
പുഞ്ചിരിയിൽ‍-
നിലാവൊഴുകുമൊരു-
പൂർ‍ണ്ണചന്ദ്രൻ‍...!
കളങ്കമില്ലാത്തൊ-
രെന്റെ സ്വന്തം
പൊന്നമ്പിളി......!

Saturday, November 10, 2012

പണ്ടു പണ്ടൊരു പുഴയുണ്ടായിരുന്നു



പണ്ടു പണ്ടിവിടെയൊരു
പുഴയുണ്ടായിരുന്നു;
ഉള്ളിലെയിരുള്‍ മേഘം
മിഴിയിറമ്പില്‍ പെയ്ത്‌,
കവിളിണകളിലൂടെ-
ചാലിട്ടൊഴുകിയ പുഴ…

നിലയല്ലാത്താഴത്തി-
ലാര്‍ത്തലച്ചൊഴുകി-
വെയില്‍ പോലൊരു വിരല്‍ വന്നു-
തുടച്ചൊപ്പും വരെ…..

ആരു പറയുമിപ്പോള്‍
പണ്ടെങ്ങാനിവിടെയൊരു-
പുഴയുണ്ടായിരുന്നെന്ന്‌….!!!!!

പക്ഷേ പറയൂ….
ആര്‍ക്കെങ്കിലുമറിയുമോ
പുഴ വരണ്ട വഴിയാകെ
ചെന്താമരപ്പൂവുകള്‍
നിറയെ പൂത്തതെങ്ങനെ…..?