Saturday, August 15, 2015

ദയവുണ്ടാകണം

ദയവുണ്ടാകണം.

ചുരുങ്ങിച്ചുരുങ്ങി-
ത്തലയറ്റതാണ്.
(കണ്ടു കാണും നിങ്ങളെന്റെ
തലയുള്ള കൂട്ടരെ)
ഇപ്പോള്‍,
ചിന്തയറ്റു
ചലിയ്ക്കുന്നൊരവയവം.

ഒളിച്ചു വളര്‍ത്തുന്നുമുണ്ട്
ചിലരെന്നെ.

ഒരു ഞൊറിയിളക്കത്തില്‍,
ഒരു വര്‍ണ്ണത്തുണ്ടില്‍,
തിരക്കിലറിയാതൊരു
തൊലിയുരസലില്‍,
ഒരു പിഞ്ചിളപ്പത്തില്‍
കോച്ചിപ്പോകുമെന്‍ ദൈന്യത !

ഏതു പൊത്തില്‍
ഏതു മാളത്തിലോടിക്കയറാ-
മെന്നൊരങ്കലാപ്പാണെപ്പോഴും.

ഇരയനക്കത്തില്‍ കൂര്‍ക്കും
തേറ്റയുമായൊളിഞ്ഞിരിക്കും
ഞാനെന്നറിഞ്ഞിട്ടും
വരുന്നതെന്തിനീ വഴി?

തൊട്ടു പോയാലോ
നീലിച്ചെന്നും
മരിച്ചെന്നും.

ഹോ !!!!

വിഷജന്തുവെന്നു
പേരു കേട്ടെന്തിനിങ്ങനെ !

ഉറപ്പായും
ദയാവധമര്‍ഹിക്കുന്നുണ്ട്
ഞാന്‍.

Wednesday, September 24, 2014

സയാമീസ്



കൂടെപ്പിറന്നവൾ
ഒപ്പം വളർന്നവൾ
ഒറ്റയൊരുടലും
ഇരട്ട മനസ്സും.

അവൾ-കാറ്റ്,
ഞാൻ പ്രതിമ.

തീരുന്നേയില്ല തർക്കം
ഒറ്റയ്ക്കാവുമ്പോൾ
നീയല്ല ഞാനെന്ന്,
ഞാനാണ് നീയെന്നൊക്കെ.

ചില നേരങ്ങളിൽ
കണ്ണിൽ തുളുമ്പു-
മവളുടെ കണ്ണീർ.
ചുണ്ടുകളിൽ
ഊർന്നു വരു-
മവളുടെ പുഞ്ചിരി.

അരക്കുറഞ്ഞ
ചുണ്ടിൻ വിടവിൽ
പൊട്ടി വീഴും
പിറുപിറുപ്പുകൾ.

മുഖം കുനിക്കുമ്പോൾ
പാളി വരും
മുന വച്ച നോട്ടവും
ചോദ്യങ്ങളും.

കണ്ണടച്ചിരുളാക്കവേ
കണ്ടില്ലേ,കേട്ടില്ലേയെന്നു
ഉള്ളു കുലുക്കും
ഉണർത്തുവിളികൾ.

ജീവിതമെന്നു
പറഞ്ഞൊഴിയുമ്പോൾ
"ഇതോ ജീവിത"മെന്നു
കൈ മലർത്തൽ.

വയ്യ!

കൊല്ലാൻ നോക്കണ്ട;
ഒറ്റച്ചങ്കല്ലേ,
നീയും ചാകുമെന്നവൾ.

മിണ്ടരുത്,
അനങ്ങരുത്,
ചിരിയ്ക്കരുത്,
കരയരുത്,
ചിന്തകളോ
ഒട്ടുമരുത്.

കൊന്നാലും ചാകാത്തവളെ
കൊല്ലാതെ കൊല്ലുന്നൊ-
രൊറ്റമൂലി കൊണ്ട്
ഇനിയൊന്നനങ്ങാതെ
തളർത്തിക്കിടത്തണം.

എന്നിട്ടു വേണമെനിക്ക്

നല്ലൊരു പ്രതിമയാകാൻ.

Saturday, February 1, 2014

പ്രള(ണ)യശേഷം



മുന്നിലേയ്ക്കുള്ള വഴികള്‍
ഞൊടിയിടയില്‍
മാഞ്ഞുപോവുക;
ചേര്‍ത്തു പിടിച്ചൊരാള്‍
പൊടുന്നനെ
മറഞ്ഞു പോവുക;
പ്രള(ണ)യക്കെടുതിയെന്നൊക്കെ
പറഞ്ഞു വയ്ക്കാമതിനെ.

എന്തു വിളിക്കും-
ഇനിയില്ലെന്നറിഞ്ഞിട്ടും
ഇമ ചിമ്മാതെ,
അടരുകളുടെയാഴത്തില്‍
അടക്കപ്പെട്ടതെന്തോ
വീണ്ടു കിട്ടുമെന്ന
കാത്തിരിപ്പിനെ ?

നിന്നെ വീണ്ടുമെഴുതുമ്പോള്‍


കണ്ണും കാതുമില്ലാത്ത കുട്ടി
തൊട്ടുതൊട്ടറിയും പോ-
ലുള്ളം കയ്യിലെഴുതി-
പ്പഠിച്ചതാണ് നിന്നെ.

മറവിക്കാലത്തി-
നിരുള്‍ മൌനത്തിനിപ്പുറം
കണ്ടുകണ്ടു മിഴി കടഞ്ഞ്,
കേട്ടു കേട്ട് കാതടഞ്ഞ്,
വരകള്‍ മാഞ്ഞ കൈവെള്ളമേല്‍
നിന്നെത്തന്നെയെഴുതി നോക്കുന്നു.

അറിവെന്നെഴുതുമ്പോള്‍
മുറിവെന്നു തെറ്റുന്നു.

3 കവിതകള്‍


ഉടൽ

*******

ഊഴിമേലഴിച്ചിട്ടൊ-
രാഴിപോലിളകുന്നു
അറിയാനുണ്ടാഴങ്ങളെ-
ന്നടങ്ങുന്നില്ലലകൾ.


ഉപമ

*******

കണ്ണിലെ കരടേ
കാലിൽ തറഞ്ഞ മുള്ളേ
നിങ്ങളോളമില്ലാരുമീ
പ്രണയത്തെയൊന്നുപമിക്കാൻ.

ഉത്തരം

*******

ചോദ്യച്ചൂണ്ടയിലെ
ഇര കൊത്തിയ മൽസ്യം.

ശേഷിപ്പ്‌


തുമ്പികള്‍
പെയ്തിറങ്ങും സായാഹ്നം.

നിലംതൊടാചിറകടികള്‍ക്കു കീഴേ
കളിക്കൈയിലമര്‍ന്നു പോയ-
തൊന്നേയൊന്നു മാത്രം
താങ്ങിയിട്ടും താങ്ങിയിട്ടും
വീണുടഞ്ഞൊരാകാശത്തെ,
ആഴമില്ലാത്ത നീലയെ
ഓർത്തെടുക്കുന്നു.

എന്റെ കല്ലേ,എന്റെ കല്ലേയെന്ന്,                                                                                        
വിട്ടുപോകല്ലേ,വിട്ടുപോകല്ലേയെന്ന്
ഇനിയുള്ളതിതു മാത്രമെന്ന്
അള്ളിയള്ളിപ്പിടി-
ച്ചാഞ്ഞു കുതറുന്നു.

ചിറകിരിയുമൊച്ചയില്‍
ഒരു ഞൊടിയൊന്നു
വെയില്‍ തൂവിപ്പോകുന്നു,
കാറ്റ് തെന്നി വീഴുന്നു.

ഒടുവിലത്തേതിനു മുന്‍പത്തെ
ഒറ്റ നിമിഷം
പറയാതെന്തോക്കെയോ
ശേഷിപ്പിക്കുന്നു.

താണ്ടിയ ദൂരങ്ങളെയോ,
താങ്ങിയ ഭാരങ്ങളെയോ
രേഖപ്പെടുത്താത്ത ചിലത്
ഉറുമ്പുകള്‍ കൊണ്ടു പോകുന്നു.